Latest Updates

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായി എത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കുന്നതിന് നിലവിലുണ്ടായിരുന്ന ഷര്‍ട്ട് അഴിക്കേണ്ടെന്ന നിബന്ധന നീക്കം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മെയ് 22ന് ചേര്‍ന്ന ദേവസ്വം യോഗത്തിലാണ് ഭക്തരുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഭക്ഷണം വിളമ്പുന്നവര്‍ക്ക് തൊപ്പിയും കയ്യുറയും നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ പറഞ്ഞു. വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തിരുന്നു. 'വീതികൂട്ടല്‍ ജോലികള്‍ക്കായി കാണിപ്പയ്യൂര്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കും. അത് തന്ത്രിയും കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. നിലവില്‍, പ്രവേശന കവാടം വീതികൂട്ടുന്നതില്‍ വാസ്തു ശാസ്ത്രപരമായി എതിര്‍പ്പില്ലെന്നാണ് മനസ്സിലാക്കുന്നത്,'- വി കെ വിജയന്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice